കല്‍പ്പറ്റ: തിരഞ്ഞെടുപ്പ് കാലയളവില്‍ അബ്കാരി കുറ്റകൃത്യങ്ങള്‍ തടയാന്‍ സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ് പ്രവര്‍ത്തനങ്ങള്‍ക്ക് എക്‌സൈസ് വകുപ്പ് രൂപം നല്‍കി. മീനങ്ങാടിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റും തുറന്നു. ബാവലി, തോല്‍പ്പെട്ടി, മുത്തങ്ങ ചെക്‌പോസ്റ്റുകളില്‍ ഇപ്പോഴുള്ള ക്രമീകരണങ്ങള്‍ തുടരും. എല്ലാ വാഹനങ്ങളും കര്‍ശന പരിശോധനയ്ക്കു വിധേയമാക്കും.
സംശയാസ്പദമായ രീതിയില്‍ കണ്ടെത്തുന്ന വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കും. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് അനധികൃത മദ്യമെത്തുന്നത് തടയാന്‍ അതിര്‍ത്തികളില്‍ മിന്നല്‍ പരിശോധന നടത്തും. സംശയാസ്പദമായ സാഹചര്യത്തില്‍ യാത്രക്കാരുടെ ദേഹ പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്. സ്ത്രീകളെ പരിശോധിക്കാന്‍ വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരെ നിയോഗിക്കും. വ്യാജ മദ്യ വില്‍പ്പന നടത്തുന്നവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കും. വിദേശ മദ്യ ശാലകളിലും കള്ളു ഷാപ്പുകളിലും എക്‌സൈസ് വകുപ്പ് പരിശോധന നടത്തും. വില്‍പ്പനയ്ക്കുവെച്ച മദ്യങ്ങളുടെ സാമ്പിളുകള്‍ കുപ്പിയിലാക്കി റാക്കുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ മദ്യശാലകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.