- Advertisement -

- Advertisement -

അജുവരച്ചു, രാഷ്ട്രപതിക്കായി കേരളത്തിന്റെ സ്നേഹസമ്മാനം

0

ഏതു ചിത്രം വരയ്ക്കാനിരുന്നാലും അജുവിന്റെ മനസ്സില്‍ ആയിരം മുഖങ്ങളും കാഴ്ചകളുമെല്ലാം ഓടിയെത്തും. ഒറ്റ ക്യാന്‍വാസിലേക്ക് ഇവ പകര്‍ത്താനിരുന്നാല്‍ പലതും മനസ്സില്‍ നിന്നും പല കോണുകളായും നിമിഷ നേരം കൊണ്ട് ഒഴുകി പോകും.ജന്മനാ ഓട്ടിസം സ്‌പെക്ട്രം എന്ന വെല്ലുവിളിയെ മറികടന്ന് പന്ത്രണ്ടുകാരനായ അജു വരച്ചു ജീവനുള്ള ഒരു ചിത്രം. അതായിരുന്നു സംസ്ഥാനത്ത് സന്ദര്‍ശനത്തിനെത്തിയ ഇന്ത്യുടെ പ്രഥമ വനിത ദ്രൗപതി മുര്‍മ്മുവിനായി കുടുംബശ്രീയുടെ വക കേരളത്തിന്റെ സമ്മാനം. പെന്‍സില്‍ കൊണ്ട് അജു വരച്ച ദ്രൗപതി മര്‍മ്മുവിന്റെ ചിരിക്കുന്ന ചിത്രം കുടുംബശ്രീയുടെ ഉപഹാരമായി രാഷ്ട്രപതി ഏറ്റുവാങ്ങുമ്പോള്‍ വയനാട്ടിലെ തിരുനെല്ലി ഗ്രാമപഞ്ചായത്ത് ബഡ്‌സ് പാരഡൈസ് സ്‌പെഷ്യല്‍ സ്‌കൂളിനും ഇത് അഭിമാന നിമിഷമായി.ചെറിയ പ്രായം മുതല്‍ തന്നെ കാട്ടിക്കുളം എടൂര്‍ക്കുന്നിലെ വട്ടക്കാവുങ്കല്‍ ജോമോന്റെയും ജിഷയുടെയും ഇളയമകനായ അജു വരയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതായി തോന്നിയിരുന്നു. പ്രാഥമിക തലം വരെ സഹോദരങ്ങളായ അലന്റെയും അലീനയുടെയും ഒപ്പം അടുത്തുള്ള സ്‌കൂളില്‍ പോയിരുന്നു. പിന്നീട് പ്രത്യേക പരിചരണവും ശ്രദ്ധയും ആവശ്യമായ തൃശ്ശിലേരിയിലെ ബഡ്‌സ് സ്‌കൂളില്‍ ചേര്‍ത്തു. ഇവിടെ നിന്നാണ് പ്രിന്‍സിപ്പാള്‍ സി.എസ്.ആഷിഖിന്റെയും സഹപ്രവര്‍ത്തകരുടെയും പിന്തുണയോടെ അജു വരയിലെല്ലാം കൂടുതല്‍ ശ്രദ്ധനല്‍കാന്‍ തുടങ്ങിയത്. മാനന്തവാടി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയായ സിദ്ധാര്‍ത്ഥും വരയുടെ ബാലപാഠങ്ങള്‍ അജുവിന് പകര്‍ന്നു നല്‍കി. ഇതോടെയാണ് അജു മനസ്സില്‍ തെളിയുന്നതെല്ലാം ഏകാഗ്രതയുടെ കഠിനശ്രമങ്ങളോടെ ക്യാന്‍വാസിലേക്ക് പകര്‍ത്തി തുടങ്ങിയത്. വരയ്ക്കുന്ന ചിത്രങ്ങള്‍ പലതും പൂര്‍ത്തിയാക്കാന്‍ ഓട്ടിസ്റ്റിക്ക് ഡിസോര്‍ഡര്‍ തടസ്സമായിരുന്നു. ചെറിയ അനിഷ്ടങ്ങളുടെ വേലിയേറ്റത്തില്‍ അതു വരെ വരച്ചതെല്ലാം ഒരു നിമിഷം കൊണ്ട് അജു മായ്ച്ചു കളഞ്ഞേക്കാം. ആരും നിര്‍ബന്ധിക്കാതെ അജുവിന് മൂഡുള്ളപ്പോള്‍ മാത്രം ചിത്രം വരയ്ക്കാിനിരിക്കുന്ന ആ ശീലത്തെ രക്ഷിതാക്കളും അധ്യാപകരമെല്ലാം പിന്തുണച്ചതോടെ പലഘട്ടങ്ങളിലായി അജു നിരവധി ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി. എറണാകുളത്ത് നടന്ന ബഡ്‌സ് സ്‌കൂള്‍ കലോത്സവത്തിലും സഹപാഠികളായ മറ്റു കുട്ടികള്‍ക്കൊപ്പം അജുവും പങ്കെടുത്തു. ഇവിടെയും ഭംഗിയുള്ള ചിത്രമെഴുതി അജു ശ്രദ്ധനേടിയിരുന്നു. എന്നാല്‍ വരച്ച് തീര്‍ത്ത ചിത്രം പൊടുന്നനെ അജു തന്നെ വികൃതമാക്കിയപ്പോഴും ഈ കലാകാരന്റെ വിസ്മയചിത്രങ്ങള്‍ക്ക് തന്നെയായിരുന്നു എല്ലാവരുടെയും മനസ്സില്‍ ഇടം തേടിയത്. ഇവിടെ നിന്നുമാണ് രാഷ്ട്രപതിക്കുള്ള സമ്മാനമായി ദ്രൗപതി മര്‍മ്മുവിന്റെ ചിത്രം വരയ്ക്കാനുള്ള ഭാഗ്യം അജുവിനെ തേടിയെത്തുന്നത്.
ജില്ലാ കുടുംബശ്രീ മിഷന്റെ സഹകരണത്തോടെ തിരുനെല്ലി ഗ്രാമപഞ്ചായത്താണ് ബഡ്‌സ് പാരഡൈസ് സ്‌പെഷ്യല്‍ സ്‌കൂള്‍ നടത്തുന്നത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് വയനാട്ടിലെ ഉള്‍ഗ്രാമത്തില്‍ തുടങ്ങിയ സ്‌പെഷ്യല്‍ സ്‌കൂളില്‍ പതിനെട്ട് വയസ്സിന് താഴെയുള്ള 38 കുട്ടികളാണ് പഠിക്കുന്നത്. 14 ആണ്‍കുട്ടികളും 24 പെണ്‍കുട്ടികളും രണ്ട് അധ്യാപകരും രണ്ട് സഹായികളും ഒരു ഡ്രൈവറുമാണുള്ളത്. പ്രീയ കൂട്ടുകാരന്‍ അജുവിന്റെ ചിത്രം സമ്മാനമായി രാഷ്ട്രപതി ഭവനിലെത്തുമ്പോള്‍ വിദ്യാലയവും നാടുമെല്ലാം എന്തെന്നില്ലാത്ത സന്തോഷത്തിലാണ്. അപ്പോഴും ഈ ചിത്രം ആരുടേതാണെന്ന് ഏകാഗ്രതയുള്ള ഇടവേളകളില്‍ അജുവിനെ പഠിപ്പിച്ചെടുക്കുകയാണ് മാതാപിതാക്കളും അധ്യാപകരുമെല്ലാം.
ചുമതലയേറ്റശേഷം ആദ്യമായി കേരളത്തിലെത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനു സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പൗര സ്വീകരണ ചടങ്ങിലാണ് കുടുംബശ്രീയുടെ ഉപഹാരമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്, അജു വരച്ച ചിത്രം സമ്മാനമായി നല്‍കിയത്. തിരുവനന്തപുരം കവടിയാര്‍ ഉദയ് പാലസ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ കുടുംബശ്രീയുടെ 25-ാം വാര്‍ഷികത്തിന്റെ ഭാഗമായി സി.ഡി.എസ്. അംഗങ്ങളായ അഞ്ചു ലക്ഷം വനിതകള്‍ ചേര്‍ന്നു കുടുംബശ്രീയുടെ ചരിത്രമെഴുതുന്ന ‘രചന’യുടെ ഉദ്ഘാടനം, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരുടെ സമഗ്ര വികസനത്തിനായുള്ള ‘ഉന്നതി’ പദ്ധതിയുടെ ഉദ്ഘാടനം, മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയ ടെക്നിക്കല്‍ എന്‍ജിനീയറിങ്, ഡിപ്ലോമ പുസ്തകങ്ങളുടെ പ്രകാശനം എന്നിവ ചടങ്ങില്‍ രാഷ്ട്രപതി നിര്‍വഹിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി കെ. രാധാകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, വി.കെ. പ്രശാന്ത് എം.എല്‍.എ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

You cannot copy content of this page