- Advertisement -

- Advertisement -

ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു ഗാനത്തിന് ഓസ്‌കര്‍, ഇന്ത്യയുടെ അഭിമാനമായി കീരവാണി

0

രണ്ട് പതിറ്റാണ്ടായി വിവിധ ഇന്ത്യന്‍ ഭാഷകളില്‍ സൂപ്പര്‍ ഹിറ്റ് പാട്ടുകള്‍ തീര്‍ത്ത് മുന്നേറുന്നതിനിടെയാണ് കീരവാണിക്കുള്ള ഓസ്‌കര്‍ പുരസ്‌ക്കാരം. ‘ദേവരാഗം’ അടക്കം മലയാളത്തിലും ഹിറ്റ് സംഗീതം ഒരുക്കിയ, തലമുതിര്‍ന്ന സംഗീതജ്ഞനുള്ള അംഗീകാരം തെന്നിന്ത്യക്കാകെ അഭിമാനമാവുകയാണ്. മസാലപ്പടങ്ങളും ഡപ്പാം കൂത്തു പാട്ടും എന്ന പതിവ് ബ്രാന്‍ഡില്‍ നിന്നും തെലുങ്ക് സിനിമയയെ പാന്‍ ഇന്ത്യന്‍ തലത്തിലേക്ക് ഉയര്‍ത്തുന്നതില്‍ എസ്എസ് രാജമൗലിയും അമ്മാവന്‍ കീരവാണിയും ചെലുത്തിയ പങ്ക് ചെറുതല്ല. ഇന്ത്യന്‍ സിനിമയുടെ തലവര മാറ്റിയ ‘ബാഹുബലി’ പരമ്പരയുടെ ആത്മാവായിരുന്നു കീരവാണിയുടെ മാന്ത്രികസംഗീതം. മഹിഷ്മതി സാമ്രാജ്യത്തില്‍ നിന്ന് തെലുങ്ക് സാതന്ത്ര്യ പോരിന്റെ വീര ഗാഥ മൗലി തീര്‍ത്തപ്പോള്‍ ഹൈലൈറ്റ് ആയി ഹൈ പവര്‍ ‘നാട്ടു നാട്ടു’ പാട്ട്.ഇരുപത് ട്യൂണുകളില്‍ നിന്നും ആര്‍ആര്‍ആര്‍ അണിയറ സംഘം വോട്ടിനിട്ടാണ് ഇപ്പോള്‍ കേള്‍ക്കുന്ന ‘നാട്ടുവി’ലേക്ക് എത്തിയത്. ചന്ദ്രബോസിന്റെ വരികള്‍. രാഹുല്‍ സിപ്ലിഗുഞ്ചിനൊപ്പം ചടുലഗാനത്തിന്റെ പിന്നണിയില്‍ കീരവാണിയുടെ മകന്‍ കാലഭൈരവനും. 90കളില്‍ തെലുങ്ക് സംഗീതജ്ഞന്‍ കെ ചക്രവര്‍ത്തിയുടെ അസിസ്റ്റന്റായി സിനിമാജീവിതം തുടങ്ങിയ കീരവാണി ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യയിലും ബോളിവുഡിലും പാട്ടിന്റെ വസന്തം തീര്‍ത്തു. ‘ക്രിമിനല്‍’, ‘ജിസം’, ‘സായ’, ‘സുര്‍’, ‘മഗധീര’, സംഗീതപ്രേമികള്‍ ആഘോഷിച്ച ഈണങ്ങള്‍. മാസ്റ്റര്‍ സംവിധായകന്‍ ഭരതന്‍ പ്രണയത്തിന്റെ ‘ദേവരാഗം’ തീര്‍ക്കാന്‍ വിളിച്ചതും കീരവാണിയെ. നോവൂറൂന്ന ‘സൂര്യമാനസ’വും കോട മഞ്ഞിനൊപ്പം ‘നീലഗിരി’ക്കുന്നില്‍ പെയ്ത പാട്ടുകളും മലയാളത്തിലെ കീരവാണി മാജിക്കുകളായി. 61ആം വയസ്സിലും മാറുന്ന ട്രെന്‍ഡുകള്‍ക്കൊപ്പം വിസ്മയമായി കീരവാണി യാത്ര തുടരുന്നു.എ ആര്‍ റഹ്‌മാന് ശേഷം ഓസ്‌കര്‍ വീണ്ടും രാജ്യത്തെത്തുമ്പോള്‍ ഇന്ത്യന്‍ സിനിമാസംഗീതവും ആദരിക്കപ്പെടുന്നു.

Leave A Reply

Your email address will not be published.

You cannot copy content of this page