- Advertisement -

- Advertisement -

ജൈന സംസ് കൃതിയെ തൊട്ടറിഞ്ഞ് ജൈന്‍ റൈഡ്

0

ജില്ലയിലെ ജൈനമത സംസ്‌കൃതിയെ അടുത്തറിയാനായി ഒരുക്കിയ വയനാട് ജൈന്‍ സര്‍ക്ക്യൂട്ടിന്റെ പ്രചരണാര്‍ത്ഥം ജൈന്‍ റൈഡ് – സീസണ്‍ 2 എന്ന പേരില്‍ നടത്തിയ സൈക്കിള്‍ ഡ്രൈവ് നടത്തി.കല്‍പ്പറ്റ മൈലാടിപ്പാറയില്‍ നിന്നാരംഭിച്ച് സുല്‍ത്താന്‍ ബത്തേരി പുരാതന ജൈനമത ക്ഷേത്രത്തിലാണ് ജൈന്‍ റൈഡ് സമാപിച്ചത്.മൂന്ന് താലൂക്കുകളിലായി സ്ഥിതി ചെയ്യുന്ന 12 കേന്ദ്രങ്ങളിലൂടെ 100 കിലോമീറ്ററിലധികം ദൂരമാണ് സൈക്കിള്‍ ഡ്രൈവ് നടത്തിയത്. ജില്ലയിലെ 35 ഓളം റൈഡര്‍മാര്‍ സൈക്കിള്‍ ഡ്രൈവില്‍ പങ്കെടുത്തു. റൈഡിന്റെ ഫ്‌ളാഗ് ഓഫ് ഡെപ്യൂട്ടി കളക്ടര്‍ കെ. അജീഷ്, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡി.വി. പ്രഭാത്, ഡി.ടി.പി.സി സെക്രട്ടറി കെ.ജി അജേഷ്, കേന്ദ്ര ടൂറിസം മന്ത്രാലയം പ്രതിനിധി രവികുമാര്‍, ജൈനസമാജം പ്രസിഡന്റ് സി.വി നേമി രാജന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. തുടര്‍ന്ന് പുളിയാര്‍മല അനന്തനാഥ് സ്വാമി ജൈന ക്ഷേത്രം, വെണ്ണിയോട് ശാന്തിനാഥ സ്വാമി ജൈന ക്ഷേത്രം, പനമരം പാലു കുന്ന് പരശ്വനാഥ ജൈന ക്ഷേത്രം, അഞ്ചുകുന്ന് പരശ്വനാഥ സ്വാമി ജൈന ക്ഷേത്രം, മാനന്തവാടി പാണ്ടിക്കടവ് ആദീശ്വര സ്വാമി ജൈന ക്ഷേത്രം, കൊയിലേരി പുതിയിടം ആദീശ്വര ജൈന ക്ഷേത്രം, പുത്തനങ്ങാടി ചന്ദ്രനാഥ സ്വാമി ജൈന ക്ഷേത്രം, വരദൂര്‍ അനന്തനാഥ സ്വാമി ക്ഷേത്രം എന്നീ ജൈന കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് സുല്‍ത്താന്‍ ബത്തേരി പുരാതന ജൈനമത ക്ഷേത്രത്തിലാണ് ചരിത്രമായ ജൈന്‍ റൈഡ് സമാപിച്ചത്. സൈക്കിള്‍ ഡ്രൈവിന്റെ സമാപന സമ്മേളനം കേന്ദ്ര ടൂറിസം മന്ത്രാലയം പ്രതിനിധി എന്‍. രവികുമാര്‍ ഉദ്ഘാടനം ചെയ്തു. ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡി.വി. പ്രഭാത് അധ്യക്ഷനായിരുന്നു.ചടങ്ങില്‍ റൈഡില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഡി.ടി.പി.സി സെക്രട്ടറി കെ.ജി അജേഷ്, ലെജില്‍ ചന്ദ്രന്‍, ഡി.ടി.പി.സി മാര്‍ക്കറ്റിംഗ് മാനേജര്‍ പി.പി പ്രവീണ്‍, സത്താര്‍ വില്‍ട്ടണ്‍, ഡോ. മുഹമ്മദ് സാജിദ് തുടങ്ങിയവര്‍ സംസാരിച്ചു. ജൈന്‍ സര്‍ക്യൂട്ടിന്റെ ഭാഗമായി നടത്തിയ ജൈന്‍ റൈഡ് കാണാനായി മധ്യപ്രദേശില്‍ നിന്ന് എത്തിയ അതിഥികള്‍ ജൈന്‍ റൈഡിന്റെ കൗതുകമായി മാറി.യാത്രയുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ ജൈനകേന്ദ്രങ്ങള്‍ വൃത്തിയാക്കുന്ന സ്വച്ഛത ഡ്രൈവ്, ജൈന കേന്ദ്രങ്ങളുടെ വിവരങ്ങളടങ്ങിയ ലഘുലേഖാ ക്യാമ്പയിന്‍ എന്നിവയും ചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിച്ചു.ജൈനകേന്ദ്രങ്ങളെ അടുത്തറിയാന്‍ പുതിയ തലമുറകള്‍ക്കായി സര്‍ക്ക്യൂട്ട് സഹായകരമാകും. 450 ഓളം ജൈന കുടുംബങ്ങളിലായി രണ്ടായിരത്തില്‍ താഴെ ആളുകളാണ് വയനാട്ടില്‍ അധിവസിക്കുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജൈനമതക്കാരുള്ളതും വയനാട്ടിലാണ്. മാനന്തവാടി, പനമരം, കണിയാമ്പറ്റ, കല്‍പ്പറ്റ, വെണ്ണിയോട്, വരദൂര്‍, അഞ്ച്കുന്ന് എന്നിവിടങ്ങളാണ് വയനാട്ടിലെ പ്രധാന ജൈന ആവാസ പ്രദേശങ്ങള്‍. ഇവരുടെ ആചാരാനുഷ്ഠാനങ്ങള്‍ അടുത്തറിയാനും ജൈന്‍ സര്‍ക്ക്യൂട്ട് വഴികാട്ടും.

 

Leave A Reply

Your email address will not be published.

You cannot copy content of this page