ഓണത്തിന്റെ ഐതിഹ്യം

കേരളം ഭരിച്ചിരുന്ന അസുരരാജാവായ മഹാബലിയെ വാമനാവതാരം പൂണ്ട മഹാവിഷ്ണു പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തി. വര്‍ഷത്തിലൊരിക്കല്‍ പ്രജകളെ കാണാന്‍ മഹാവിഷ്ണു ബലിക്ക് വരം നല്‍കി. മഹാബലി നാടുകാണാനെത്തുന്ന ദിവസമാണ് തിരുവോണം. ഇതാണ് ഓണത്തിന്‍റെ പുരാവൃത്തവും ഐതീഹ്യവും.

ദശാവതാരങ്ങളില്‍ മഹാവിഷ്ണു സ്വീകരിച്ച ആദ്യത്തെ മനുഷ്യരൂപം വാമനന്‍റേതാണ്. കൃഷ്ണാവതാരത്തിന് മുന്‍പ് വാമനന്‍ മാത്രമാണ് വിശ്വരൂപം കാണിച്ചിട്ടുള്ളത്. ദ്വാപരയുഗത്തില്‍ അര്‍ജുനന്‍ വിശ്വരൂപം കാണുന്നതിനു മുന്‍പ് ത്രേതായുഗത്തില്‍ മഹാബലി ഭഗവാന്‍റെ വിശ്വരൂപം കണ്ടിരുന്നു. പുരാണങ്ങളില്‍ വാമനാവതാരത്തെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. വാമനാവതാരം സംഭവിച്ചത് രണ്ടാംയുഗമായ ത്രേതായുഗത്തിലാണ്. ലോകം കണ്ടതില്‍ വച്ച് ഏറ്റവും നീതിമാനും സത്യസന്ധനും ശ്രേഷ്ഠനുമായ രാജാവായിരുന്നു മഹാബലിയെന്ന് പുരാണങ്ങള്‍ പറയുന്നു. കേരളമായിരുന്നു മഹാബലിയുടെ പ്രധാന ഭരണകേന്ദ്രം. പരിണാമ സിദ്ധാന്തമനുസരിച്ച് മനുഷ്യന്‍റെ ബോധതലം ഉരുത്തിരിയുന്ന പ്രാക്തനാവസ്ഥയെയാണ് വാമനന്‍ പ്രതിനിധീകരിക്കുന്നത് എന്നൊരു വാദമുണ്ട്. പരിണാമ സിദ്ധാന്തത്തിന്‍റെ കണ്ണിലൂടെ നോക്കിയാല്‍ അതു ശരിയാണ്. എന്നാല്‍ എല്ലാത്തരത്തിലും പൂര്‍ണ്ണതയും കായികശക്തിയും ഉള്ള മഹാബലി എങ്ങനെ ഉണ്ടായി? എല്ലാം കഥയല്ലേ എന്നു കരുതി സമാധാനിക്കാം.  ഓണത്തിന് പ്രജകളെ കാണാന്‍ മഹാബലിയെത്തുമ്പോള്‍ മനോദുഃഖമുളവാക്കുന്നതൊന്നും അദ്ദേഹം ദര്‍ശിക്കരുതെന്ന് മലയാളികള്‍ ആഗ്രഹിക്കുന്നു. എല്ലാ ദുരിതങ്ങള്‍ക്കുമവധി കൊടുത്ത്, മലയാളികള്‍ ഓണമാഘോഷിക്കുന്നതിന് കാരണവും അതാണ്. കാണം വിറ്റും ഓണമുണ്ണണം എന്ന പ്രയോഗത്തിന്‍റെ അടിസ്ഥാനവുമിതാണ്.

പുലിക്കളി

കേരളീയ നാടോടി കലാരൂപങ്ങളുടെ വര്‍ണ്ണവൈവിധ്യവും താളവും ഗോത്രസ്വഭാവവും ഒക്കെച്ചേര്‍ന്ന ഒരു ഓണോത്സവ നാടന്‍ കല/കളി ആണ് തൃശൂരും പാലക്കാടും സജീവമായി നിലനില്‍ക്കുന്ന പുലിക്കളി അല്ലെങ്കില്‍ ക്ടുവകളി.

ഓണപ്പൊട്ടന്‍

മാവേലിത്തമ്പുരാന്‍ തന്റെ പ്രജകളെ കാണുന്നതിന് തിരുവോണനാളില്‍ ഓരോ വീടുകളിലും വരുന്നതിന്റെ പ്രതീകമെന്നോണം വടക്കന്‍ കേരളത്തില്‍ കാണപ്പെടുന്ന ഒരു ഓണാചാരമാണ് ഓണപ്പൊട്ടന്‍ അഥവാ ഓണത്താര്‍.

കൈകൊട്ടിക്കളി

തിരുവാതിരക്കളിയുടെ ശാസ്ത്രീയതയില്‍ അല്‍പം നാടോടി കലാസ്വഭാവം കൂടിച്ചേര്‍ന്ന് ഓണനാളുകളില്‍ നൃത്തരൂപമാണ് കൈകൊട്ടിക്കളി. ശരീരഭാഷയിലെ വൈശിഷ്ട്യവും ചലനങ്ങളിലെ അനുപാതവുമാണ് കൈകൊട്ടിക്കളിയുടെ തനത് സൗന്ദര്യത്തിന്റെ പ്രധാനഘടകങ്ങള്‍.

ഉത്രാടപ്പാച്ചിൽ

ഓണാഘോഷത്തിന്റെ അവസാന വട്ട ഒരുക്കത്തിനായി ഉത്രാടദിവസം (തിരുവോണത്തിനു തലേദിവസം) പിറ്റേ ദിവസത്തെ ഓണാഘോഷത്തിനു ആവശ്യമായ സാധനങ്ങൾ വാങ്ങിക്കുവാൻ മലയാളികൾ നടത്തുന്ന യാത്രയ്ക്കാണു ഉത്രാടപ്പാച്ചിൽ എന്നു പറയുന്നത്. മലയാളികൾ ഓണത്തിനുവേണ്ടതെല്ലാം വാങ്ങിക്കൂട്ടുന്ന ദിവസം ആണു ഉത്രാട ദിവസം. അടുക്കളയിലേക്കും മറ്റും ഓണത്തിനു വേണ്ടതെല്ലാം കൈയ്യെത്തും ദൂരത്ത് എത്തിക്കുക എന്നതാണു ഉത്രാടപ്പാച്ചിലിന്റെ ഉദ്ദേശം.

ഓണസദ്യ

ഓണത്തിന്റെ പ്രധാനാകർഷണം ഓണസദ്യയാണ്‌. ‘ഉണ്ടറിയണം ഓണം’ എന്നാണ്‌ വയ്പ്‌. ആണ്ടിലൊരിക്കൽ പപ്പടവും ഉപ്പേരിയും കൂട്ടാനുള്ള അവസരമായിരുന്നു പണ്ടൊക്കെ സാധാരണക്കാരന്‌ ഓണം. കാളൻ, ഓലൻ, എരിശ്ശേരി എന്നിവയാണ്‌ ഓണസദ്യയിൽ പ്രധാന വിഭവങ്ങൾ. അവിയലും സാമ്പാറും പിന്നീട്‌ വന്നതാണ്‌. നാലുകൂട്ടം ഉപ്പിലിട്ടതാണ്‌ കണക്ക്‌- കടുമാങ്ങ, നാരങ്ങ, ഇഞ്ചിപ്പുളി, ഇഞ്ചിതൈര്‌. പപ്പടം ഇടത്തരം ആയിരിക്കും. 10 പലക്കാരൻ, 12 പലക്കാരൻ എന്നിങ്ങനെ പപ്പടക്കണക്ക്‌. ഉപ്പേരി നാലുവിധം- ചേന,  പയർ‌,  വഴുതനങ്ങ, പാവക്ക, ശർക്കരപുരട്ടിക്ക്‌ പുറമേ പഴനുറുക്കും പഴവും പാലടയും പ്രഥമനും.വിളമ്പുന്നതിനും പ്രത്യേകതയുണ്ട്‌. നാക്കില തന്നെ വേണം ഓണസദ്യക്ക്‌. നാക്കിടത്തുവശം വരുന്ന രീതിയിൽ ഇലവയ്ക്കണം. ഇടതുമുകളിൽ ഉപ്പേരി, വലതുതാഴെ ശർക്കര ഉപ്പേരി, ഇടത്ത്‌ പപ്പടം, വലത്ത്‌ കാളൻ, ഓലൻ, എരിശ്ശേരി, നടുക്ക്‌ ചോറ്‌, നിരന്ന്‌ ഉപ്പിലിട്ടത്‌. മദ്ധ്യതിരുവതാംകൂറിൽ ആദ്യം പരിപ്പുകറിയാണ്‌ വിളമ്പാറ്‌. സാമ്പാറും പ്രഥമനും കാളനും പുറമേ പച്ചമോര്‌ നിർബന്ധം. ഇവിടെ ഓണത്തിന്‌ മരച്ചീനിയും വറക്കാറുണ്ട്‌.  എള്ളുണ്ടയും  അരിയുണ്ടയുമാണ്‌ മറ്റ്‌ വിഭവങ്ങൾ. കുട്ടനാട്ട്‌ പണ്ട്‌ ഉത്രാടം മുതൽ ഏഴു ദിവസം ഓണമുണ്ണുമായിരുന്നു. പുളിശ്ശേരിയും മോരും തോരനും സാമ്പാറുമായിരുന്നു പ്രത്യേക വിഭവങ്ങൾ.ഡോ.രാജൻ ഗുരുക്കളെപ്പോലുള്ള ചരിത്രകാരന്മാർ പറയുന്നത് ശുദ്രാദി തദ്ദേശിയർക്ക് ഇത്രയും വിഭവ സമൃദ്ധമായി കഴിക്കാൻ കഴിഞ്ഞിരുന്നില്ല എന്നാണ്. സർവ്വാണിസദ്യയായിരുന്നു ശൂദ്രർക്ക് അനുവദിച്ചിരുന്നത്.നമ്പൂരിമാരുടെ എച്ചിലായിരുന്നു ഇത്. 18-ാം നൂറ്റാണ്ടിലെ നവോത്ഥാനത്തിനും രാജ്യത്തിന്റെ സ്വാതത്രത്തിനും ശേഷം മാത്രമാണ് ശൂദ്രാദികൾക്ക് മനുഷ്യ പരിഗണന ലഭിച്ചത്.ഈഴവരാദി പിന്നോക്കർ തങ്ങളുടെ രാജാവായ മഹാബലിയുടെ ദാരുണാന്ത്യത്തിൽ ദു:ഖിച്ചുവന്നു.