വാരഫലം

(2018 ഫെബ്രുവരി 19 മുതല്‍ 25 വരെ)

അശ്വതി, ഭരണി,കാര്‍ത്തിക 1/4

പ്രവര്‍ത്തന രംഗം വിപുലമാക്കുന്നതിനെക്കുറിച്ച് ആലോചിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിലും പരീക്ഷകളിലും വിജയാനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന വാരമാണ്. സുഹൃത്തുക്കളുമായി ഉള്ള ബന്ധങ്ങളില്‍ അല്പം വൈഷമ്യങ്ങള്‍ വരാവുന്നതാണ്. പ്രവര്‍ത്തന രീതികളില്‍ ചില ബോധപൂര്‍വമായ പരിവര്‍ത്തനങ്ങള്‍ വരുത്താന്‍ നിര്‍ബന്ധിതനാകും. സര്‍ക്കാരുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ ചില ക്ലേശങ്ങള്‍ നേരിടേണ്ടി വന്നേക്കാം.

ദോഷപരിഹാരം: ഭദ്രകാളിക്ക് കഠിനപ്പായസവും രക്ത പുഷ്പാഞ്ജലിയും.

കാര്‍ത്തിക3/4, രോഹിണി, മകയിരം1/2

പുതിയ സംരംഭങ്ങള്‍ക്കായുള്ള പരിശ്രമം വിജയത്തിലെത്തും. സഹോദരന്മാര്‍, ബന്ധു ജനങ്ങള്‍ തുടങ്ങിയവരുമായി ഉള്ള ബന്ധങ്ങളില്‍ വിള്ളലുകള്‍ വരാതെ നോക്കണം. സമൂഹത്തിലെ ഉന്നത വ്യക്തികളുമായി സഹവസിക്കുവാനും നല്ല ബന്ധം പുലര്‍ത്തുവാനും അവസരം ലഭിക്കും. വിദേശ ജോലിക്കാര്‍ക്ക് തൊഴില്‍ ഉടമകളുമായി നിലനിന്നിരുന്ന പ്രശ്നങ്ങളില്‍ പരിഹാരം പ്രതീക്ഷിക്കാം. സര്‍ക്കാര്‍ കോടതി കാര്യങ്ങള്‍ അനുകൂലമായി ഭവിക്കും.

ദോഷപരിഹാരം: ശാസ്താവിന് നീരാഞ്ജനം, വിഷ്ണുവിന് ഭാഗ്യ സ്സോക്ത പുഷ്പാഞ്ജലി.

മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4

പൊതുവില്‍ അനുകൂലവും ഗുണകരവുമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന വാരമാണ്. അധ്വാനങ്ങള്‍ക്കും പരിശ്രമങ്ങള്‍ക്കും തക്കതായ പ്രതിഫലവും അംഗീകാരവും ലഭിക്കും. ദേഷ്യത്തോടെയുള്ള സംസാരം മൂലം അവസര നഷ്ടവും സുഹൃത്ത് ദ്വേഷവും വരാന്‍ ഇടയുണ്ട്. ഉദ്യോഗ സമബന്ധമായ പരിശീലനങ്ങളിലും മറ്റും പങ്കെടുക്കുവാന്‍ സാധിക്കും. രക്ത സമ്മര്‍ദ സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ കരുതല്‍ പുലര്‍ത്തണം.

ദോഷപരിഹാരം: ശാസ്താവിന് എള്ള് പായസം, ദേവിക്ക് ശ്രീസൂക്തപുഷ്പാഞ്ജലി.

പുണര്‍തം 1/4, പൂയം, ആയില്യം.

സല്‍ക്കാരങ്ങള്‍ ആഡംബരങ്ങള്‍ എന്നിവയ്ക്കായി ധാരാളം പണം ചിലവഴിക്കേണ്ടി വരും. ഗൃഹനിര്‍മ്മാണ കാര്യങ്ങള്‍ പുരോഗതി ഉണ്ടാകും. അമിത ആത്മവിശ്വാസം മൂലം അബദ്ധങ്ങള്‍ പിണയാതെ നോക്കണം. സാമ്പത്തിക ഇടപാടുകളില്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തണം. സുഹൃത്ത് സഹായം ആപത്തുകളില്‍ തുണയാകും. ബന്ധു ജനങ്ങളുടെ വിയോഗം മൂലം മനസ്താപം ഉണ്ടാകാന്‍ സാധ്യത കാണുന്നു.

ദോഷപരിഹാരം: ശിവന് കൂവള മാല, ഭഗവതിക്ക് കഠിനപ്പായസം, ശ്രീ കൃഷ്ണന് വെണ്ണ നിവേദ്യം.

മകം, പൂരം, ഉത്രം 1/4

മാനസിക സമ്മര്‍ദവും അകാരണ ചിന്തകളും വര്‍ധിക്കാന്‍ ഇടയുള്ള വാരമാണ്. ഈശ്വര ഭജനവും ദേവാലയ ദര്‍ശനവും ആത്മവിശ്വാസം നല്‍കും. തൊഴിലില്‍ സ്ഥാന കയറ്റത്തിനോ ആനുകൂല്യ വര്‍ധനവിനോ സാധ്യതയുണ്ട്. അപ്രതീക്ഷിത പ്രതിസന്ധികള്‍ വന്നാലും ആത്മവിശ്വാസം, ദൈവാധീനം എന്നിവയാല്‍   അവയെ അതിജീവിക്കുവാന്‍ കഴിയും.  കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനില്‍ക്കും.

ദോഷപരിഹാരം: വിഷ്ണുവിന് നെയ്യ് വിളക്ക്, തുളസിമാല, ശിവന് രുദ്രാഭിഷേകം.

ഉത്രം 3/4, അത്തം, ചിത്തിര 1/2

ഭൂമി സംബന്ധമായും ഗൃഹ സംബന്ധമായും ഉള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ പറ്റിയ വാരമാണ്. പ്രധാന ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുമ്പോള്‍ തൊഴിലില്‍ ജാഗ്രത പുലര്‍ത്തണം. തൊഴിലിനു പുറമേ പാര്‍ശ്വ വരുമാനം ലഭിക്കുന്ന സംരംഭങ്ങളെക്കുറിച്ച് ഗൗരവമായി ആലോചിക്കും. കുടുംബാംഗങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുവാന്‍ അമിത പരിശ്രമം വേണ്ടി വരും. ആശയ വിനിമയത്തില്‍ അപാകത വരാതെ നോക്കണം.

ദോഷപരിഹാരം: ഗണപതിക്ക് കറുകമാല, ശാസ്താവിന് നെയ്യഭിഷേകം.

ചിത്തിര 1/2, ചോതി, വിശാഖം 3/4

കലാകാരന്മാര്‍ക്കും സാഹിത്യകാരന്മാര്‍ക്കും ആദരവും അംഗീകാരവും അവസരങ്ങളും വര്‍ധിക്കാന്‍ ഇടയുള്ള വാരമാണ്. ഗൃഹത്തില്‍ ബന്ധുജന സമാഗമവും മംഗള കര്‍മ്മങ്ങളും ഉണ്ടാകാന്‍ ഇടയുണ്ട്. നയപരവും പ്രായോഗികവുമായ സമീപനത്തിലൂടെ പല കാര്യങ്ങളും സാധിക്കുവാന്‍ കഴിയും. ഔദ്യോഗിക കാര്യങ്ങളില്‍ അനുകൂല തീരുമാനങ്ങള്‍ പ്രതീക്ഷിക്കാം. കുടുംബ ബന്ധങ്ങളില്‍ അല്പം വൈഷമ്യം ഉണ്ടായെന്നു വരാം.

ദോഷപരിഹാരം: ശിവന് ജലധാര, പുറക് വിളക്ക്, കൂവളമാല.

വിശാഖം1/4 അനിഴം, തൃക്കേട്ട

ലഭ്യമായ അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുവാന്‍ ഉള്ള ശ്രമങ്ങള്‍ വിജയിക്കും. മേലധികാരികള്‍ അനുകൂലമായി പെരുമാറുന്നതില്‍ സന്തോഷം തോന്നും. ഗൃഹ സ്വസ്ഥത നിലനിര്‍ത്താന്‍ കഴിയും. സന്താനങ്ങളുടെ ഉപരി പഠന സംബന്ധമായ കാര്യങ്ങള്‍ അനുകൂലമാകും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ നാട്ടിലേക്ക് മടങ്ങുന്നതിനെ പറ്റി ആലോചിക്കും. വാരാന്ത്യത്തില്‍ അല്പം സാമ്പത്തിക ക്ലേശം ഉണ്ടായെന്നു വരാം.
ദോഷപരിഹാരം: ശാസ്താവിന് നീരാഞ്ജനം, വിഷ്ണുവിന് ഭാഗ്യസൂക്തം, തുളസിമാല

മൂലം,പൂരാടം,ഉത്രാടം 1/4

പ്രവര്‍ത്തന രംഗത്ത് അലസതയും ഉത്സാഹക്കുറവും ഉണ്ടാകാന്‍ ഇടയുണ്ട്. പ്രവര്‍ത്തനങ്ങള്‍ വിജയകരമാക്കാന്‍ പതിവിലും കവിഞ്ഞ പരിശ്രമം വേണ്ടി വരും. സഹ പ്രവര്‍ത്തകരില്‍ നിന്നും സഹകരണവും പ്രോത്സാഹനവും ലഭിക്കാന്‍ ഇടയുണ്ട്. ഇഷ്ടജന സഹവാസത്താല്‍ കുടുംബത്തില്‍ സന്തോഷകരമായ അന്തരീക്ഷം നിലനില്‍ക്കും. സാമ്പത്തികമായി മോശമല്ലാത്ത അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. 

ദോഷപരിഹാരം: ശാസ്താവിന് നീരാഞ്ജനം, വിഷ്ണുവിന് ഭാഗ്യ സൂക്തം.

ഉത്രാടം3/4, തിരുവോണം, അവിട്ടം 1/2

തൊഴിലില്‍ നിന്നും വ്യാപാരത്തില്‍ നിന്നും ലാഭാനുഭവങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ള വാരമാണ്. ഗുരുതുല്യരായവരുടെ ഉപദേശം പല കാര്യങ്ങളിലും മാര്‍ഗ്ഗ നിര്‍ദേശകമായി ഭവിക്കും. കുടുംബ ബന്ധങ്ങളില്‍ ചില അസ്വാരസ്യങ്ങള്‍ക്ക് സാധ്യതയുള്ള വാരമാകയാല്‍ കോപസ്വഭാവം, രൂക്ഷമായ വാക്കുകള്‍ എന്നിവ നിയന്ത്രിക്കുന്നത് നന്നായിരിക്കും. പ്രവര്‍ത്തന രംഗത്ത് വ്യത്യസ്ഥമായ ചില ആശയങ്ങള്‍ കൊണ്ട് വരാന്‍ സാധിക്കും. 

ദോഷപരിഹാരം: ശാസ്താവിന് എള്ള് പായസം, ശിവന് രുദ്രാഭിഷേകം.

അവിട്ടം1/2, ചതയം, പൂരൂരുട്ടാതി 3/4

തോല്‍വികളില്‍ നിന്ന് കരകയറാനുള്ള ആത്മവിശ്വാസവും പ്രായോഗിക ബുദ്ധിയും പ്രകടമാക്കും. സാമ്പത്തിക രംഗത്ത് ഗുണകരമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. കലാകാരന്മാര്‍ക്ക് മെച്ചപ്പെട്ട സാഹചര്യങ്ങള്‍ ലഭ്യമാകുന്ന വാരമായിരിക്കും. ശുഭ കാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും. സ്വഭാവത്തിലും പെരുമാറ്റത്തിലും ഗുണകരമായ ചില പരിവര്‍ത്തനങ്ങള്‍ വരുത്താന്‍ നിര്‍ബന്ധിതനാകും.  നേതൃ പദവി ലഭിക്കാന്‍ ഇടയുണ്ട്.

ദോഷപരിഹാരം: ശിവന് ധാര, ഗണപതിക്ക് കറുകമാല.

പൂരൂരുട്ടാതി 1/4, ഉതൃട്ടാതി, രേവതി.

അധ്വാനവും ചുമതലയും വര്‍ധിക്കുന്ന വിഭാഗത്തിലേക്ക് തൊഴില്‍ മാറ്റം ഉണ്ടാകാന്‍ ഇടയുണ്ട്. മന സമ്മര്‍ദം വര്‍ധിക്കാന്‍ ഇടയുള്ളതിനാല്‍ അകാരണ ചിന്തകള്‍ ഒഴിവാക്കണം. വിദേശ ജോലിക്കാര്‍ക്ക് തൊഴില്‍ സാഹചര്യങ്ങളില്‍ അല്പം മെച്ചം പ്രതീക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ മികവ് പുലര്‍ത്തുവാന്‍ കഴിയുന്ന വാരമാണ്. നൂതന സംരംഭങ്ങള്‍ക്കായുള്ള പരിശ്രമങ്ങള്‍ വിജയത്തിലെത്തും.

ദോഷപരിഹാരം: ശാസ്താവിന് നീരാഞ്ജനം, വിഷ്ണുവിന് പാല്‍പ്പായസം.

 

തടസ്സ നിവാരണത്തിനും ആഗ്രഹ സാധ്യത്തിനും ഗണപതി ഭഗവാന് വിശേഷാല്‍ നാരങ്ങാമാല വഴിപാട്

പതിനെട്ടു നാരങ്ങ കോര്‍ത്ത മാല ഗണപതി ഭഗവാന് തുടര്‍ച്ചയായി മൂന്നു ദിവസങ്ങളില്‍ ചാര്‍ത്തുകയും മൂന്നാം ദിവസം വഴിപാടു കാരന്‍റെ പേരും നാളും ചൊല്ലി വിഘ്നഹര സ്തോത്രം കൊണ്ട് പുഷ്പാഞ്ജലി കഴിക്കുകയും ചെയ്യുന്നതാണ് ഈ വിശേഷാല്‍ വഴിപാട്. എന്ത് ആഗ്രഹം മനസ്സില്‍ സ്മരിച്ചു കൊണ്ടാണോ ഭക്തിപൂര്‍വ്വം ഈ വഴിപാട് നടത്തുന്നത്, ആ ആഗ്രഹ സാധ്യത്തിനു പ്രതിബന്ധമാകുന്ന തടസ്സങ്ങളെ ഗണപതി ഭഗവാന്‍ ഇല്ലാതാക്കുമെന്നാണ് ഭക്തജന വിശ്വാസം.

ജന്മ നക്ഷത്ര ദിവസം(പക്കപ്പിറന്നാള്‍) പുഷ്പാഞ്ജലി വരത്തക്ക വിധത്തില്‍ വഴിപാടു നടത്തുന്നത് അതി വിശേഷമായി കരുതപ്പെടുന്നു. പ്രധാന കാര്യങ്ങളുടെ വിജയത്തിനായും സംരംഭങ്ങള്‍ മുതലായവയുടെ ശുഭാരംഭത്തിനായും ആ പ്രത്യേക ദിനത്തില്‍ വഴിപാട് പൂര്‍ത്തിയാകുന്ന വണ്ണം അനുഷ്ഠിക്കുന്നതും വിശേഷമാണ്.