അടപ്രഥമൻ

0

ആവശ്യമുള്ള സാധനങ്ങൾ
ചമ്പാ പച്ചരിപൊടി – മൂന്ന് കപ്പ്
മൈദമാവ് – ടീ സ്പൂൺ
ശർക്കര അലിയിച്ചത് – രണ്ട് ടേബിൾ സ്പൂൺ
വെളിച്ചെണ്ണ – ഒരു ടീസ്പൂൺ
വാഴയില – ആവശ്യത്തിന്

പ്രഥമന് വേണ്ട ചേരുവകൾ
ശർക്കര ഉരുക്കിയത് – 250 ഗ്രാം
തേങ്ങാപ്പാൽ (ഒന്നാംപാൽ) – ഒരു കപ്പ്
രണ്ടാം പാൽ – മൂന്ന് കപ്പ്
ഏലയ്ക്കാപ്പൊടി – ആവശ്യത്തിന്
നെയ്യ് – 100 ഗ്രാം
അണ്ടിപ്പരിപ്പ് – 50 ഗ്രാം
കിസ്മിസ് – 50 ഗ്രാം

തയാറാക്കുന്നവിധം

അട ഉണ്ടാക്കാൻ
ചമ്പാ പച്ചരിമാവും മൈദയും ശർക്കരയും വെളിച്ചെണ്ണയും പാകത്തിനുള്ള വെള്ളവും ഒഴിച്ച് കുറുകെ കലക്കുക. (കൈയിൽ നിന്നും തുള്ളിയായി ഇലയിലേക്ക് വീഴുന്ന പാകത്തിന്). ഈ കലക്കിയ മാവ് വാഴയിലയുടെ മുകളിൽ തുള്ളിയായി ചുറ്റി കൈകൊണ്ട് വീഴ്ത്തുക. ഇല നന്നായി മടക്കുക. ഇങ്ങനെ മടക്കിയ ഇലകൾ ചേർത്ത് വാഴനാര് വച്ചു കെട്ടി തിളപ്പിച്ച വെള്ളത്തിലേയ്ക്ക് ഇട്ട് അമർത്തികൊടുക്കുക. ഏകദേശം 15മിനിറ്റ് തിളച്ച വെള്ളത്തിൽ കിടന്ന് വെന്തശേഷം ഈ ഇലക്കെട്ടുകൾ തണുത്ത വെള്ളത്തിലേയ്ക്ക് ഇടുക. ഇലകൾ തുറന്ന് അട ഇളക്കി ആ തണുത്ത വെള്ളത്തിലേക്കുതന്നെ ഇടുക. ഈ അട വെള്ളത്തിൽ നിന്ന് അരിച്ചുമാറ്റി വെള്ളം വാലാൻ വയ്ക്കുക.
ഇങ്ങനെ ഉണ്ടാക്കുന്ന അട അല്ലെങ്കിൽ കടയിൽ നിന്ന് വാങ്ങാൻ കിട്ടുന്ന അട (ഏകദേശം മുക്കാൽ പാക്കറ്റ് അട തിളച്ച വെള്ളത്തിൽ ഇട്ട് വേവിച്ച് മാറ്റിയത്) ഉരുളിയിൽ ശർക്കരപ്പാനിയുടെ കൂടെ ഇട്ട് വരട്ടുക.
പാകം മൂത്ത് കഴിഞ്ഞാൽ പകുതി നെയ്യും ഒഴിച്ച് വീണ്ടും വരട്ടുക. ഇതിലേയ്ക്ക് രണ്ടാം പാൽ ഒഴിച്ച് കുറുകുവാൻ അനുവദിക്കുക. പാകത്തിന് കുറുകി കഴിയുമ്പോൾ ഒന്നാംപാലും ഒഴിച്ച് ആവശ്യത്തിന് ഏലയ്ക്കാ ചേർത്ത് ഉരുളി അടുപ്പിൽ നിന്ന് വാങ്ങുക. അവസാനമായി ബാക്കി നെയ്യിൽ വറുത്ത അണ്ടിപ്പരിപ്പും കിസ്മിസും ആ നെയ്യോടുകൂടി പ്രഥമനിലേക്ക് ഒഴിക്കുക. അടപ്രമഥൻ തയ്യാർ.
(വേണമെങ്കിൽ കാൽ കപ്പ് ചൗവരി തിളച്ച വെള്ളത്തിൽ ഇട്ട് നന്നായി വേവിച്ച് ഈ പ്രഥമനിൽ ചേർക്കാം. ചൗവരി ചേർക്കുകയാണെങ്കിൽ അട ശർക്കര ഉരുക്കിയതിൽ വരട്ടുന്ന സമയത്തു ചേർക്കണം).

Leave A Reply

Your email address will not be published.

error: Content is protected !!