ഡാം തുറന്ന സംഭവം. ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ

0

മുന്നറിയിപ്പില്ലാതെ ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറന്ന സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മുന്നറിയിപ്പില്ലാതെയും, വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയും ഷട്ടറുകള്‍ തുറന്നതുമൂലം പ്രദേശത്ത് വന്‍നാശനഷ്ടങ്ങളാണുണ്ടായത്.  അശാസ്ത്രീയമായി ഡാം തുറന്നുവിട്ടത് കൊണ്ട് സംഭവിച്ച എല്ലാ നാശനഷ്ടങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാകണം. എല്ലാം നശിച്ച് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് 50,000 രൂപയെങ്കിലും നഷ്ടപരിഹാരം നല്‍കണം. ക്യാമ്പുകളില്‍ കഴിയുന്നവരെ കൂടാതെ എല്ലാം നഷ്ടപ്പെട്ട് ബന്ധുവീടുകളിലും മറ്റും കഴിയുന്ന ആയിരങ്ങള്‍ വേറെയുമുണ്ട്. ഇവരുടെ കണക്കെടുത്ത് മറ്റുള്ളവര്‍ക്ക് നല്‍കുന്ന അതേ നഷ്ടപരിഹാരം നല്‍കാന്‍ അധികൃതര്‍ തയ്യാറാവണം. ജില്ലയില്‍ ജപ്തി നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മഴക്കെടുതിയിലും സര്‍ഫാസി നിയമപ്രകാരം ബാങ്കുകള്‍ ജപ്തിനട പടികളുമായി മുന്നോട്ടുപോകുകയാണ്. ജില്ലയെ പ്രളയബാധിത പ്രദേശമായി പ്രഖ്യാപിച്ച് കൂടുതല്‍ മഴക്കെടുതികളുണ്ടായ പ്രദേശങ്ങളെ തരംതിരിച്ച് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബാണാസുര അണക്കെട്ട് മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടത് മൂലം വീടുകളിലും മറ്റും വെള്ളം കയറി ആയിരക്കണക്കിന് പേരാണ് ഇപ്പോള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. ബാണാസുര അണക്കെട്ടില്‍ നിന്നും ജലം ഒഴുകിയെത്തുന്ന പ്രദേശങ്ങളില്‍ മാത്രമായി 20 ദുരിതാശ്വാസ ക്യാംപുകളാണ് തുറന്നിട്ടുള്ളത്. മഴ ശക്തമായത് മുതല്‍ ഡാമിന്റെ താഴ്‌വാരത്ത് താമസിക്കുന്ന ജനങ്ങള്‍ ദുരിതത്തിലും ആശങ്കയിലുമാണ്. സാധാരണ ഡാമുകള്‍ തുറന്നുവിടുന്നതിന് മുമ്പ് ശക്തമായ മുന്നൊരുക്കങ്ങള്‍ നടത്താറുണ്ട്. എന്നാല്‍ ഇവിടെ ജനപ്രതിനിധികളുമായോ, റവന്യൂ അധികൃതരുമായോ യാതൊരു ചര്‍ച്ചയും നടത്തിയില്ല. കൂടാതെ പഞ്ചായത്ത്, ആരോഗ്യ വകുപ്പ്, പോലീസ് വകുപ്പ് എന്നിങ്ങനെയുള്ള അതോറിറ്റികളെയോ ഇക്കാര്യം അറിയിച്ചില്ലെന്നതാണ് വാസ്തവമെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!