സേനയുടെ നേതൃത്വത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

0

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ മഴക്കാലകെടുതികളെ നേരിടാന്‍ യുദ്ധക്കാലാടിസ്ഥാനത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. നാവികസേന, ദേശീയ ദുരന്തനിവാരണസേന, ആര്‍മി ഡിഫന്‍സ് സെക്യുരിറ്റി ഫോഴ്‌സ്, കുടാതെ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ടീം പൊലിസ് തുടങ്ങിയവര്‍ വിവിധ സംഘങ്ങളായി തിരിഞ്ഞുമാണ് പ്രവര്‍ത്തനം നടത്തുന്നത്. ആദ്യഘട്ടത്തില്‍ വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ടു കഴിയുന്ന സ്ഥലങ്ങളിലെത്തി ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റും. തുടര്‍ന്ന് അപകടാവസ്ഥ നിലനില്‍ക്കുന്ന പ്രദേശങ്ങളിലും പ്രവര്‍ത്തനങ്ങള്‍ യുദ്ധക്കാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കും. ആദ്യഘട്ടത്തില്‍ ഒറ്റപ്പെട്ടു കിടക്കുന്ന കോട്ടത്തറ പഞ്ചായത്തിലെ വെണ്ണിയോട്, പയ്യമ്പള്ളി പഞ്ചായത്തിലെ ബാവലി, പാല്‍വെളിച്ചം, താനിക്കല്‍, പനമരം പഞ്ചായ ത്തിലെ നീര്‍വാരം തുടങ്ങിയ സ്ഥലങ്ങളില്‍ സേന പ്രവര്‍ത്തനമാരംഭിച്ചു. പൊഴുതന പഞ്ചായത്തിലെ കുറിച്ചര്‍മല, പൊഴുതന റോഡ്, തവിഞ്ഞാല്‍ പഞ്ചായത്തിലെ മക്കിമല, വാളാട് പഞ്ചായത്തിലെ വാളാട്, പേരിയ പഞ്ചായത്തിലെ വാളാട് തുടങ്ങിയവിടങ്ങളിലും പ്രവര്‍ത്തനം വ്യാപിപ്പിക്കും. ഏഴിമല, കൊച്ചി എന്നിവടങ്ങളില്‍ നിന്നുമുള്ള നാവികസേനയും ചെന്നൈയില്‍ നിന്നുമുള്ള ദേശീയ ദുരന്തനിവാരണ സേനയും കണ്ണൂരില്‍ നിന്നുമുള്ള ആര്‍മിയുടെ ഡിഫന്‍സ് സെക്യൂരിറ്റി ഫോഴ്‌സുമാണ് ജില്ലയിലെത്തിയിരിക്കുന്നത്. 111 ദുരിതാശ്വാസ ക്യാമ്പുകളിലായി 1873 കുടുംബങ്ങളില്‍ നിന്നും 7367 പേരാണ് താമസിക്കുന്നത്. ക്യാമ്പുകളിലെ സൗകര്യങ്ങള്‍ ക്രമീകരിക്കാന്‍ കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!