ബാണാസുരസാഗര്‍ ഡാംമിലെ 4 ഷട്ടറുകളും തുറന്നു.

0

കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഈ വര്‍ഷം ജൂലെ 15 നായിരുന്നു ബാണാസുരഡാം റിസര്‍വ്വൊയര്‍ ഷട്ടറുകള്‍ തുറന്നത്. മഴനിലയ്ക്കാത്തതിനാല്‍ ഇന്നലെ വരെ രണ്ട് ഷട്ടറുകളിലൂടെ 40 സെന്റീമീറ്ററിലായിരുന്നു വെള്ളം പുറത്തേക്കൊഴുക്കിയത്.എന്നാല്‍ ഇന്നലെ രാത്രിമുതലാരംഭിച്ച ശക്തമായ മഴയെ തുടര്‍ന്ന് ഇന്ന് രാവിലെ മുതല്‍ വെള്ളത്തിന്റെ തോത് വര്‍ദ്ധിപ്പിച്ചു. ഉച്ചയോടെ നാല് ഷട്ടറുകള്‍ 210 സെന്റീ മീറ്റര്‍ ഉയര്‍ത്തി വെള്ളം കരമാന്‍തോട്ടിലൂടെ ഒഴുക്കിവിടാനാരംഭിച്ചു ഇതോടെയാണ് പ്രദേശത്തെ പല സ്ഥലങ്ങളും വെള്ളത്തിലായത്. ഡാമിന് തൊട്ടടുത്ത മാടത്തുംപാറ പ്രദേശത്തെ നാല്‍പ്പതോളം വീടുകളാണ് വെള്ളം കയറി വാസയോഗ്യമല്ലാതായത്. ഒറ്റയടിക്ക് 100 സെന്റീമീറ്ററോളം ഷട്ടര്‍ ഉയര്‍ത്തിയതാണ് വെള്ളമുയരാനിടയാക്കിയതെന്ന് ആക്ഷേപമുണ്ട്. മാടത്തുംപാറ ആദിവാസി കോളനിയിലെ ഇരുപതോേളം കുടുംബങ്ങളെ തെങ്ങുംമുണ്ട സ്‌കൂളില്‍ തുറന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി താമസിപ്പിച്ചു. പ്രദേശത്ത് ഏക്കര്‍ കണക്കിന് വാഴ നെല്‍കൃഷിയിടങ്ങള്‍ വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. തരിയോട് പൊയില്‍ കോളനിയിലെ മുപ്പതോളം കുടുംബങ്ങളെ തരിയോട് എല്‍പി സ്‌കൂളിലാരംഭിച്ച ദുരിതാശ്വാസകേന്ദ്രത്തിലേക്കും ബന്ധുവീടുകളിലേക്കും മാറ്റി താമസിപ്പിച്ചിട്ടുണ്ട്. ഈ കാലവര്‍ഷത്തില്‍ മൂന്നാം തവണയാണ് പൊയില്‍ കോളനി നിവാസികളെ മാറ്റിപ്പാര്‍പ്പിക്കുന്നത്. തരിയോട് ട്രൈബല്‍ ഹോസ്റ്റലിന് സമീപത്ത് നേരിയ തോതില്‍ ഉരുള്‍പ്പൊട്ടലുണ്ടായെങ്കിലും നാശനഷ്ടങ്ങളൊന്നുമുണ്ടായിട്ടില്ല.

Leave A Reply

Your email address will not be published.

error: Content is protected !!