പച്ചത്തേങ്ങയ്ക്ക് താങ്ങുവില പ്രഖ്യാപിക്കും: കൃഷിമന്ത്രി

0

തൃശൂര്‍: സംഭരിക്കുന്ന പച്ച തേങ്ങയ്ക്ക് താങ്ങുവില പ്രഖ്യാപിക്കുന്നതിനും കൊപ്രയുടെ താങ്ങുവില 9725 രൂപ ആക്കി ഉയര്‍ത്തുന്നതിനും കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി കൃഷിമന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. കേന്ദ്രവില നിര്‍ണയ കമ്മീഷന്‍, കോക്കനട്ട് ബോര്‍ഡ്, കേരഫെഡ്, സി.പി.സി.ആര്‍.ഐ എന്നിവരുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊപ്രയുടെ നിലവിലെ താങ്ങുവിലയായ ക്വിന്റലിന് 6770 രൂപ എന്നത് 2955 രൂപ വര്‍ദ്ധിപ്പിച്ച്‌ 9725 രൂപയാക്കുന്നതിന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുളളതായി മന്ത്രി അറിയിച്ചു. പച്ചത്തേങ്ങയ്ക്ക് നിലവിലുളള സംഭരണവില 25 രൂപയാണ്. അതിന് താങ്ങുവില 29.50 രൂപയായി നിശ്ചയിക്കാനാണ് നിര്‍ദ്ദേശം. ഉണ്ടക്കൊപ്രയുടെ വില ക്വിന്റലിന് 10,700 രൂപയാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്്. 2014-15 ലെ എക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് കണക്കനുസരിച്ച്‌ തേങ്ങയുടെ ഉത്പാദനചെലവ് 10 രൂപ 10 പൈസയാണ്. സംസ്കരിച്ച കൊപ്ര ഉത്പാദനത്തിന് വരുന്ന ചെലവ് ക്വിന്റലിന് 2400 രൂപയാണ്. ഉത്പാദനത്തിലെയും സംസ്കരണത്തിലെയും ചെലവ് കണക്കാക്കിയാണ് താങ്ങുവില വര്‍ദ്ധിപ്പിക്കുന്നതിന് നിര്‍ദ്ദേശം വച്ചിട്ടുളളതെന്ന് മന്ത്രി അറിയിച്ചു.
കേരളത്തിലെ ഉത്പാദനക്ഷമത മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ നിലവില്‍ വളരെ കുറവാണ്. 7462 തേങ്ങയാണ് ശരാശരി ഒരു ഹെക്ടറിലെ വിളവ്. നിലവിലെ സ്ഥിതിഗതികള്‍ പരിഗണിച്ചുകൊണ്‍് സമഗ്രമായി നാളികേര വികസന പദ്ധതിയ്ക്കും 10 വര്‍ഷം ദൈര്‍ഘ്യമുളള നാളികേര വികസന പദ്ധതിയ്ക്കുമുളള രൂപരേഖ തയ്യാറാക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. നാളികേര വികസന ബോര്‍ഡ്, സി.പി.സി.ആര്‍.ഐ., കേരള അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റി, മറ്റു ഗവേഷണ കേന്ദ്രങ്ങള്‍ എന്നിവരുമായി സംയോജിച്ചുകൊണ്‍ായിരിക്കും സമഗ്ര വികസന പദ്ധതി നടപ്പിലാക്കുക. ഇതിനായി ഒരു കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഉടനെ തന്നെ രൂപീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.
വില നിര്‍ണ്ണയ കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഡോ. വി.പി ശര്‍മ്മ, കാര്‍ഷികോത്പാദന കമ്മീഷണര്‍ ടീക്കാറാം മീണ ഐ.എ.എസ്, കൃഷി വകുപ്പ് ഡയറക്ടര്‍ എ.എം. സുനില്‍കുമാര്‍, നാളികേര വികസന ബോര്‍ഡിലെയും കേരഫെഡിലെയും ഉദ്യോഗസ്ഥര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!