തോട്ടം തൊഴിലാളികളുടെ വേതനം 600 രൂപയാക്കുക: ബി എം എസ്

0

തോട്ടം തൊഴിലാളി യൂണിയന്‍ ഫെഡറേഷനുകള്‍ സംയുക്തമായി ലേബര്‍ കമ്മീഷണര്‍ക്കു സമര്‍പ്പിച്ച ഇരുപത്തിയൊന്‍പത് ഡിമാന്റുകള്‍ പി.എല്‍.സി.യോഗങ്ങളില്‍ ചര്‍ച്ച ചെയ്യുകയോ നടപ്പിലാക്കുകയോ ചെയ്യാത്തതില്‍ പ്രതിഷേധിച്ചുകൊണ്ട് വയനാട് എസ്റ്റേറ്റ് മസ്ദുര്‍ സംഘം (ബി. എം.എസ്) പോഡാര്‍ പ്ലാന്റേഷന്‍ റിപ്പണ്‍ എസ്റ്റേറ്റ് ഓഫീസിലേക്ക് തൊഴിലാളികളുടെ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ധര്‍ണ്ണ ബി.എം.എസ്. ജില്ലാ സെക്രട്ടറിയും, ഡബ്ല്യു.ഇ.എം.എസ് (ബി.എം.എസ്) ജനറല്‍ സെക്രട്ടറിയുമായ പി.കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. തോട്ടം തൊഴിലാളികളുടെ വേതനം 600 രൂപയാക്കുക, മുഴുവന്‍ താല്‍ക്കാലിക തൊഴിലാളികളേയും സ്ഥിരപ്പെടുത്തുക, ഇ.എസ്.ഐ പദ്ധതിയില്‍ ഉള്‍പ്പെത്തി തൊഴിലാളി കുടുംബങ്ങള്‍ക്ക് ആധുനിക ചികിത്സ ലഭ്യമാക്കുക, വാസയോഗ്യമായ വീടുകള്‍ നിര്‍മ്മിച്ചു നല്‍കുക, മരണാനന്തര ചെലവ് 10000 രൂപയാക്കുക, ഗ്രാറ്റ്‌വിറ്റി 30 ദിവസത്തെ ശമ്പളം കണക്കാക്കി നല്‍കുക, ഓവര്‍ കിലോ റെയ്റ്റ് 75% വര്‍ദ്ധിപ്പിക്കുക, ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക തുടങ്ങിയ 29 ആവശ്യങ്ങളുന്നയിച്ചുകൊണ്ടായിരുന്നു സമരം. മാനേജ്‌മെന്റിന് ഗുണകരമായ റിട്ട: ജസ്റ്റിസ് എന്‍.കൃഷ്ണന്‍ നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുവാന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ തയ്യാറാകുമ്പോള്‍ തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ ഒന്നുപോലും നടപ്പാക്കുവാന്‍ തോട്ടം ഉടമകളോട് നിര്‍ദ്ദേശിക്കുവാന്‍ തൊഴില്‍ മന്ത്രിയോ, വ്യവസായ മന്ത്രിയോ, ധനമന്ത്രിയോ തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണ്. ജില്ലയില്‍ നാലു ദിവസങ്ങളിലായി നടത്തുന്ന സമരം ഒരു സൂചനയാണെന്നും, എ.പി.കെ.അനങ്ങാപാറ നയമാണ് പി.എല്‍.സി .യോഗങ്ങളില്‍ കൈക്കൊള്ളുന്നതെങ്കില്‍ വരും നാളുകളില്‍ അനിശ്ചിതകാല പണിമുടക്ക് ഉള്‍പ്പെടെയുള്ള സമരത്തിന് നേതൃത്വം നല്‍കുവാന്‍ വയനാട് എസ്റ്റേറ്റ് മസ്ദൂര്‍ സംഘം തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ 301 രൂപ വേതനത്തില്‍ നിന്നും കേവലം 5 രൂപ വര്‍ദ്ധിപ്പിക്കാമെന്നും പകരം അദ്ധ്വാനഭാരം കൂട്ടണം എന്ന മാനേജ് നിലപാട് തോട്ടം തൊഴിലാളികളോടുള്ള പരിഹാസവും വെല്ലുവിളിയാണ്. ധര്‍ണ്ണയില്‍ ബി.എം.എസ്. ജില്ലാ വൈസ് പ്രസിഡന്റ് പി.ആര്‍.സുരേഷ്, യൂണിയന്‍ പ്രസി: എന്‍.പി. ചന്ദ്രന്‍ ,കൃഷ്ണന്‍ ഓടത്തോട്, രവീന്ദ്രന്‍, സി. ഉണ്ണികൃഷ്ണന്‍, ഇ.എം. ഉണ്ണികൃഷണന്‍, കെ.അപ്പൂട്ടി, കെ. മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!