ഓറല്‍ കാന്‍സര്‍; ലക്ഷണങ്ങളും ചികില്‍സയും

0

വായിലുണ്ടാകുന്ന അര്‍ബുദമാണ് ഓറല്‍ കാന്‍സര്‍. ചര്‍മ്മത്തില്‍ പാടുകള്‍, മുഴ, അള്‍സര്‍ എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. ഇത് കലകളില്‍ ആഴത്തിലുള്ള, കടുത്ത വക്കുകളോട് കൂടിയ പൊട്ടലുപോലെയാകാം. സാധാരണ മങ്ങിയ നിറമായിരിക്കും. ചിലപ്പോള്‍ ഇരുണ്ടും നിറമില്ലാതെയും കാണപ്പെടാറുണ്ട്. നാവ്, ചുണ്ട്, വായിലെ മറ്റു ഭാഗങ്ങള്‍ എന്നിവിടങ്ങളിലായിരിക്കും പ്രത്യക്ഷപ്പെടുക. സാധാരണ തുടക്കത്തില്‍ വേദനയുണ്ടാകില്ല( അര്‍ബുദം പുരോഗമിക്കുമ്ബോള്‍ പിന്നീട് പുകച്ചിലും വേദനയും അനുഭവപ്പെടും). വലിപ്പത്തില്‍ വളരെ ചെറിയതായിരിക്കും. വായില്‍ അസാധാരണമായ രുചി, വായില്‍ കുരുക്കള്‍, വിഴുങ്ങാനുള്ള പ്രയാസം, നാവിന്റെ പ്രശ്നങ്ങള്‍ തുടങ്ങിയവയാണ് രോഗവുമായി ബന്ധപ്പെട്ടുണ്ടാകാവുന്ന മറ്റു ലക്ഷണങ്ങള്‍.
അര്‍ബുദം ചെറുതാണെങ്കില്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിക്കാറുണ്ട്. അര്‍ബുദം വലുതും കഴുത്തിലെ ലിംഫ് നോഡുകളിലേക്ക് വ്യാപിച്ചിട്ടുമുണ്ടെങ്കില്‍ റേഡിയേഷന്‍ തെറാപ്പിയും കീമോതെറാപ്പിയുമാണ് ചെയ്യാറുള്ളത്. അര്‍ബുദം വലുതായിട്ടുണ്ടെങ്കില്‍ ശസ്ത്രക്രിയ അത്യാവശ്യമായിത്തീരും. ചലനം, ചവക്കല്‍, വിഴുങ്ങല്‍, സംസാരം എന്നിവ മെച്ചപ്പെടുത്തുന്നതിന് സ്പീച്ച്‌ തെറാപ്പി പോലുള്ള മറ്റു തുടര്‍ ചികില്‍സകള്‍ ആവശ്യമായി വരും.
ചുണ്ട്, നാവ് എന്നീ ഭാഗങ്ങളിലെ കലകളെയാണ് സാധാരണ ഓറല്‍ കാന്‍സര്‍ ബാധിക്കുക.

വായയുടെ താഴ്ഭാഗം, കവിളിന്റെ ഉള്‍ഭാഗം, മോണ, വായുടെ മേല്‍ഭാഗം എന്നിവിടങ്ങളിലും കാന്‍സര്‍ കാണപ്പെടാറുണ്ട്. അധികം ഓറല്‍ കാന്‍സറുകളും മൈക്രോസ്കോപിക് പരിശോധനയില്‍ ഒരുപോലെയാണ് കാണപ്പെടാറ്. വളരെ വേഗത്തില്‍ വ്യാപിക്കുന്ന ഇവയെ സ്ക്വാമസ് സെല്‍ കാര്‍സിനോമ എന്നുവിളിക്കുന്നു.
70-80 ശതമാനം ഓറല്‍ കാന്‍സറുകളും പുകവലിയും പുകയില ഉപയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. സിഗററ്റ്, ബീഡി, പൈപ്പ് എന്നിവയില്‍ നിന്നുള്ള പുകയും ചൂടും വായിലെ ശ്ളേഷ്മ സ്ഥരത്തിന് കോടുപാടുകളുണ്ടാക്കും.

ശ്ളേഷ്മ സ്ഥരവുമായി നേരിട്ട് സമ്ബര്‍ക്കമുണ്ടാകുന്നതിനാല്‍ പുകയില ചവക്കുന്നതും പൊടിവലിക്കുന്നതും പ്രശ്നമുണ്ടാക്കും.
ഓറല്‍ കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്ന മറ്റൊന്ന് അമിത മദ്യപാനമാണ്. ദന്ത, വായ ശുചിത്വം പാലിക്കാത്തത്, പല്ലുകള്‍ പൊട്ടുന്നതും പോട് അടക്കുന്നതും മറ്റും മൂലം ഉണ്ടാകുന്ന സ്ഥിരമായ അസ്വസ്ഥത തുടങ്ങിയവയാണ് കാന്‍സറിന് കാരണമായേക്കാവുന്ന മറ്റു സാധ്യതകള്‍. അപകടകരമായ വളര്‍ച്ചകളില്‍ എട്ടു ശതമാനം അര്‍ബുദമാകാറുണ്ട്. സ്ത്രീകളെ അപേക്ഷിച്ച്‌ പുരുഷന്മാരില്‍ ഓറല്‍ കാന്‍സറിനുള്ള സാധ്യത ഇരട്ടിയാണ്, പ്രത്യേകിച്ച്‌ 40 നു മുകളില്‍ പ്രായമുള്ളവരില്‍.

Leave A Reply

Your email address will not be published.

error: Content is protected !!