വെര്‍ട്ടിക്കല്‍ ഗാര്‍ഡന് പ്രചാരം നല്‍കി പൂപ്പൊലിയില്‍ മാതൃക തോട്ടം

0

അമ്പലവയല്‍: കാര്‍ഷിക മേഖലയില്‍ നൂതന ആശയങ്ങളും പുത്തന്‍ മാതൃകകളും കര്‍ഷകരിലേക്ക് എത്തിക്കുന്നപ്രാദേശിക ഗവേഷണ കേന്ദ്രം പൂപ്പൊലിയില്‍ വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ പരിചയപ്പെടുത്തുന്നു. കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ പുഷ്പങ്ങള്‍ എന്ന പുതിയ രീതി സന്ദര്‍ശകരുടെ കണ്ണുകള്‍ക്ക് കുളിര്‍മയും അറിവും നല്‍കുന്നതാണ്. പൂപ്പൊലിയുടെ പ്രവേശന കവാടത്തോട് ചേര്‍ന്നും, ഡാലിയ ഗാര്‍ഡനോട് ചേര്‍ന്നുമാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ നിര്‍മ്മിച്ചിട്ടുളളത്. വീടിന്റെ പുറം ചുമര്‍ തൊട്ട് അകത്തളത്തുവരെ പരീക്ഷിക്കാവുന്ന പൂന്തോട്ടമാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ . പരീക്ഷണാടിസ്ഥാനത്തില്‍ രണ്ടവര്‍ഷം മുന്‍പ് ആരംഭിച്ച വെര്‍ട്ടിക്കല്‍ ഗാര്‍ഡനിംഗ് രീതി ഇന്ന് പലരും അനുവര്‍ത്തിക്കുന്നുണ്ടെന്ന് അര്‍.എ.ആര്‍.എസിലെ ജീവനക്കാര്‍ പറഞ്ഞു. അതിനാല്‍ തന്നെ പൂപ്പൊലിയില്‍ എത്തുന്ന സന്ദര്‍ശകരില്‍ പലരും വെര്‍ട്ടിക്കല്‍ ഗാര്‍ഡന്റെ ശാസ്ത്രീയ വശങ്ങളും മറ്റും സ്വായത്തമാക്കിയ ശേഷമാണ് ഇവിടം വിടുന്നത്. തട്ടുതട്ടായുളള വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ ക്രമീകരിക്കുന്നത്. പുഷ്പകൃഷിക്ക് മാത്രമല്ല, പച്ചക്കറികളും ഈ രീതിയില്‍ നട്ടു വളര്‍ത്താവുന്നതാണ്.
ചെറിയ സ്ഥലങ്ങളില്‍ ചെടികളുടെ കൂടുതല്‍ ശേഖരണമുണ്ടാക്കാം എന്നതാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡന്റെ വലിയ മേന്‍മ. ഒരു ചതുരശ്ര അടിയില്‍ കുറഞ്ഞത് പത്ത് മുതല്‍ പതിനഞ്ചുവരെ ചെടികള്‍ വയ്ക്കാം. ചെടി ചട്ടികളില്‍ ചകിരിച്ചോറ് അടങ്ങിയ മിശ്രിതത്തിലാണ് തൈകള്‍ നടുന്നത്. നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ചെടികളും വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ രീതിയില്‍ വളര്‍ത്താവുന്നതാണ്. നഗരത്തില്‍ ഹരിത ജീവിത ശൈലി ആഗ്രഹിക്കുന്നവര്‍ക്ക് ഒരു നല്ല ആശയമാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍. കേരളത്തില്‍ അറുപതുശതമനം ജനങ്ങള്‍ക്കും പരിമിതമായ ഭൂമി മാത്രമാണുളളത്. ഈ സാഹചര്യത്തില്‍ കുറഞ്ഞ ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം നേടുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം രീതികള്‍ പരീക്ഷിച്ച് തുടങ്ങിയത്. കുടുംബ കൃഷി പരമാവധി പ്രോല്‍സാഹിപ്പിക്കുന്നതുവഴി കൂടുതല്‍ പേരെ വരുമാനമുളളവരാക്കി മാറ്റുവാന്‍ കഴിയും. ഓരോ വീടും പരിസരവും പച്ചക്കറികളുടെയും പഴങ്ങളുടേയും പൂക്കളുടേയും കലവറയാക്കി മാറ്റാന്‍ വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ രീതി ഏറെ സഹായകരമാണെന്ന് ഗവേഷണകേന്ദ്രം മേധാവി ഡോ: പി. രാജേന്ദ്രന്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!