വള്ളിയൂർക്കാവ് ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം : ഒരുക്കങ്ങൾ പൂർത്തിയായി.

0

മാനന്തവാടി : ശ്രീ വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സെപ്റ്റംബർ 21 മുതൽ 30 വരെ 9 ദിവസങ്ങളിലായാണ് നവരാത്രി മഹോത്സവം നടക്കുക. 21 ന് വൈകുന്നേരം 6 മണിക്ക് നടക്കുന്ന സമ്മേളനം വയനാട് ജില്ലാ കളക്ടർ എസ് സുഹാസ് ഐ എ എസ് ഉദ്ഘാടനം ചെയ്യും. ആഘോഷ കമ്മിറ്റി ചെയർമാൻ എം പി ബാലകുമാർ അധ്യക്ഷനാകും. ക്ഷേത്രം ട്രസ്റ്റി എച്ചോം ഗോപി മുഖ്യപ്രഭാഷണം നടത്തും. ചടങ്ങില്‍ മലബാര്‍ ദേവസ്വംബോര്‍ഡ് അംഗം വി കേശവന് സ്വീകരണം നല്‍കും. തുടര്‍ന്ന് തിരുവാതിര, സംഗീതകച്ചേരി എന്നിവയും ഉണ്ടാകും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വയലിന്‍ കച്ചേരി, നൃത്തോല്‍സവം, സംഗീതകച്ചേരി, അക്ഷരശ്ലോക സദസ്സ്, ശാസ്ത്രീയ സംഗീത മത്സരം, ലളിതാഗാന മത്സരം, പുല്ലാങ്കുഴല്‍ കച്ചേരി, തുടങ്ങി വിവിധങ്ങളായ പരിപാടികളും സമാപന ദിവസമായ 30 ന് ഭക്തിഗാനസുധ, കാലാപ്രതിഭകളെ ആദരിക്കല്‍ എന്നിവയും ഉണ്ടാകും. നവരാത്രി ദിനങ്ങളില്‍ എല്ലാ ദിവസവും രാവിലെ ശ്രീദേവി വാരസ്യാരുടെ നേതൃത്വത്തില്‍ ദേവി ഭാഗവതപാരയാണവും, മാതൃസമിതി അംഗങ്ങളുടെ നേതൃത്വത്തില്‍ ലളിതസഹസ്രനാമാര്‍ച്ചനയും ഉണ്ടായിരിക്കും. ആഘോഷ കമ്മിറ്റി ചെയർമാൻ എം പി ബാലകുമാർ, ക്ഷേത്രം ട്രസ്റ്റി എച്ചോം ഗോപി, ജനറല്‍ കണ്‍വീനര്‍ ശ്രീകാന്ത് പട്ടയന്‍, എക്സിക്യുട്ടീവ്‌ ഓഫീസര്‍ കെ വി നാരായണന്‍ നമ്പൂതിരി, മാതൃസമിതി പ്രസിഡന്റ് ഇ വി വനജാക്ഷി, സെക്രട്ടറി പുഷ്പാ ശശിധരന്‍, തുണ്ടത്തില്‍ വിജയന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!