മാതൃകയായി പുനര്‍ജ്ജനി ക്യാമ്പ്

0

മാനന്തവാടി: യുവത്വം ആസ്തികളുടെ പുനര്‍നിര്‍മ്മാണത്തിന് എന്ന സന്ദേശവുമായി മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ആരംഭിച്ച വയനാട് ഗവ എഞ്ചിനീയറിംഗ് കോളേജിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റുകളുടെ പുനര്‍ജ്ജനി ക്യാമ്പ് മാതൃകയാവുന്നു. ആശുപത്രിയിലെ പ്രവര്‍ത്തനരഹിതമായ വിലപിടിപ്പുള്ള ഉപകരണങ്ങള്‍, ഓപ്പറേഷന്‍ ടേബിളുകള്‍, കട്ടിലുകള്‍, മേശകള്‍, ട്രിപ്പ് സ്റ്റാന്‍ന്റുകള്‍, ട്രോളികള്‍, വീല്‍ചെയറുകള്‍, വൈദ്യുത ജലവിതരണ സംവിധാനങ്ങള്‍, മാലിന്യ സംസ്കരണ സംവിധാങ്ങള്‍,തകര്‍ന്ന് കിടക്കുന്ന കെട്ടിടങ്ങളുടെ മരാമത്ത് തുടങ്ങി ഓരോ ആശുപത്രിയുടെയും ആവശ്യങ്ങള്‍ മനസിലാക്കിയാണ് ക്യാമ്പ് നടത്തുക. യഥാസമയം അറ്റകുറ്റപ്പണികള്‍ നടക്കാതെ വരുകയും അത് വഴി സര്‍ക്കാര്‍ ആശുപത്രികളിലെ അടിസ്ഥാന സൗകര്യ൦ പരിമിതപ്പെടുകയും ചെയ്യുന്ന സാഹചര്യം വളണ്ടിയര്‍മാരുടെ സന്നദ്ധ സേവനത്തിലൂടെ ഇല്ലാതാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 2013 ലാണ് സംസ്ഥാനത്ത് പുനര്‍ജ്ജനി സപ്തദിന ക്യാമ്പുകള്‍ ആരംഭിക്കുന്നത്. എഞ്ചിനീയറിംഗ് കോളേജിന്‍റെ നേതൃത്വത്തില്‍ 2016 ഡിസംബറിലാണ് ജില്ലാആശുപത്രിയില്‍ തന്നെ ക്യാമ്പ് ആരംഭിച്ചത്. അന്ന് മുപ്പത്തിരണ്ട് ലക്ഷത്തി ഇരുപത്തിമൂന്നായിരം രൂപയുടെ ആസ്തികള്‍ പുനര്‍നിര്‍മ്മിക്കാന്‍ ക്യാമ്പിലൂടെ സാധിച്ചു. അന്ന് 84 എന്‍ എസ് എസ് വളണ്ടിയര്‍മാരാണ് ക്യാമ്പില്‍ പങ്കെടുത്തത്. ഈ വര്‍ഷം അന്‍പത് ലക്ഷം രൂപയുടെ ആസ്തി പുനര്‍നിര്‍മ്മാണമാണ് നടത്തിയത്. 94 വളണ്ടിയര്‍മാര്‍ ഈ വര്‍ഷത്തെ ക്യാമ്പിലുണ്ടായിരുന്നു. കേരള സര്‍ക്കാര്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള നാഷണല്‍ സര്‍വീസ് സ്‌കീം ടെക്‌നിക്കല്‍ സെല്ലിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. സംസ്ഥാനത്ത് ഈ വര്‍ഷം 55 പ്രധാനപ്പെട്ട സര്‍ക്കാര്‍ ആശുപത്രികളിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്ന നിര്‍ധനരായവര്‍ക്കും, ആരോഗ്യവകുപ്പിനും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍മാരായ, ആബിദ് തറവട്ടത്ത്, കെ പി അലി, അസോസിയേറ്റ് പ്രോഗ്രാം ഓഫീസര്‍മാരായ എന്‍ ആര്‍ ശ്രീഷ്മ, രമ്യശ്രീ, വളണ്ടിയര്‍മാരായ എം രജീഷ്, മുഹമ്മദ്‌ ഷാഹിര്‍, അതുല്യ ജോസഫ്, വര്‍ഷ എന്നിവരാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്.

Leave A Reply

Your email address will not be published.

error: Content is protected !!