എംജി പിജി ഏകജാലകം: ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

0

കോട്ടയം> മഹാത്മാഗാന്ധി സര്‍വ്വകലാശാലാ ഏകജാലകം വഴി 2017ല്‍ പിജി പ്രവേശനത്തിന് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. പ്രവേശനത്തിന് അര്‍ഹത ലഭിച്ചവര്‍ അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൌട്ട് എടുത്ത് ഓണ്‍ലൈനായി സര്‍വ്വകലാശാല അക്കൌണ്ടില്‍ വരേണ്ട ഫീസടച്ച്‌ എട്ടിന് വൈകിട്ട് നാലിന് മുന്‍പ് അലോട്ട്മെന്റ് ലഭിച്ച കോളേജില്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സാക്ഷ്യപത്രവുമായി എത്തി പ്രവേശനം നേടണം. എട്ടിന് വൈകിട്ട് നാലിന് മുന്‍പായി ഫീസ് അടക്കാത്തവരുടെയും ഫീസടച്ചശേഷം കോളേജില്‍ പ്രവേശനം നേടാത്തവരുടെയും അലോട്ട്മെന്റ് റദ്ദാക്കും. തുടര്‍ന്നുള്ള അലോട്ട്മെന്റില്‍ ഇവരെ പരിഗണിക്കില്ല.
താത്കാലിക പ്രവേശനം നേടുന്നവര്‍ അലോട്ട്മെന്റ് മെമ്മോയും അസ്സല്‍ സാക്ഷ്യപത്രങ്ങളും പരിശോധനക്കു ശേഷം തിരിച്ചു വാങ്ങണം. ഇവര്‍ കോളേജുകളില്‍ പ്രത്യേകമായി ഫീസ് അടയ്ക്കണ്ട. എന്നാല്‍ ഓണ്‍ലൈനായി നിശ്ചിത സര്‍വ്വകലാശാലാ ഫീസ് അടക്കണം.
അപേക്ഷകന്‍ അലോട്ട്മെന്റില്‍ തൃപ്തനാണെങ്കില്‍ തുടര്‍ അലോട്ട്മന്റില്‍ പരിഗണിക്കപ്പെടാതിരിക്കാനായി അവശേഷിക്കുന്ന ഹയര്‍ ഓപ്ഷനുകള്‍ റദ്ദാക്കണം. ഹയര്‍ ഓപ്ഷനുകള്‍ റദ്ദാക്കുന്നതിനുള്ള സൌകര്യം ഒന്‍പത് മുതല്‍ 11 വരെ ലഭ്യമാണ്. ഉയര്‍ന്ന ഓപ്ഷനുകള്‍ നിലനിര്‍ത്തിയാല്‍ തുടര്‍ന്നുള്ള അലോട്ട്മെന്റില്‍ മാറ്റം വന്നേക്കാം. ഇപ്രകാരം ലഭിക്കുന്ന പുതിയ അലോട്ട്മെന്റ് നിര്‍ബന്ധമായി സ്വീകരിക്കണം. ആദ്യം ലഭിച്ച അലോട്ട്മെന്റ് നഷ്ടപ്പെടുകയും ചെയ്യും. ഒന്‍പത് മുതല്‍ 11വരെ ഓപഷനുകള്‍ പുന:ക്രമീകരിക്കാം.
ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തുന്ന അപേക്ഷകര്‍ക്ക് രണ്ടാം അലോട്ട്മെന്റ് വരെ താത്കാലികമായി പ്രവേശനം നേടാം. ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ ഒഴികെയുള്ളവര്‍ നിശ്ചിത ട്യൂഷന്‍ ഫീസടച്ച്‌ സ്ഥിര പ്രവേശനം നേടണം.
കോളേജുകളില്‍ പ്രവേശനത്തിനായി റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ പ്രവേശനത്തിനു ശേഷം കണ്‍ഫര്‍മേഷന്‍ സ്ളിപ്’ചോദിച്ചു വാങ്ങി പ്രവേശനം സംബന്ധിച്ച വിവരങ്ങള്‍ അപ്ലോഡ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. വിവിധ പ്രോഗ്രാമുകളിലേക്ക് നിശ്ചയിച്ചിരിക്കുന്ന ട്യൂഷന്‍ ഫീസ് സംബന്ധിച്ച വിവരം സര്‍വ്വകലാശാല വെബ്സൈറ്റില്‍. ഫോണ്‍: 0481 6555563, 2733379, 2733581.

Leave A Reply

Your email address will not be published.

error: Content is protected !!