ജലനിരപ്പ് ഉയര്‍ന്നാല്‍ കാരാപ്പുഴ ഡാമിന്റെ ഷട്ടര്‍ വീണ്ടും ഉയര്‍ത്തും :കരകളിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണം

ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പ് ഉയരുകയാണെങ്കില്‍ കാരാപ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ 15 സെ.മീറ്ററില്‍ നിന്ന് 25 സെ.മീ ആയി ഉയത്താന്‍ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നവാരണ അതോറിറ്റി യോഗം തീരുമാനിച്ചു.കെ.എസ്.ഇ.ബിയുടെ കീഴിലുള്ള ബാണാസുര സാഗര്‍ ഡാം ഇപ്പോഴത്തെ രീതിയില്‍ മഴ തുടരുകയാണെങ്കില്‍ ചൊവ്വാഴ്ചയോടു കൂടി ഷട്ടറുകള്‍ ചെറിയ രീതിയില്‍ തുറക്കേണ്ട സാഹചര്യമുണ്ടാകുമെന്ന് യോഗം വിലയിരുത്തി.

നിലവില്‍ കാരാപ്പുഴ ഡാമിലെ ജലനിരപ്പ് 758.15 എം.എസ്.എലും സംഭരണ ശേഷി 41.27 മി. ഘനമീറ്ററുമാണ്. ഡാമിലേക്കുള്ള നീരൊഴുക്ക് സെക്കന്റില്‍ 59 ഘനമീറ്റര്‍ ആണെങ്കിലും ഇപ്പോള്‍ മൂന്ന് ഷട്ടറുകള്‍ വഴി പുറത്തേക്കൊഴുക്കുന്ന ജലത്തിന്റെ അളവ് 17.18 ഘനമീറ്ററാണ്. ഇത് മൂലം ഡാമിന്റെ താഴ്ഭാഗത്തുള്ള അമ്പലവയല്‍, മീനങ്ങാടി, മുട്ടില്‍, കണിയാമ്പറ്റ, പനമരം എന്നീ പ്രദേശങ്ങളിലൂടെ ഒഴുകുന്ന കാരാപ്പുഴയുടെ ഇരുകരകളിലുമുള്ള സ്ഥലങ്ങളില്‍ പ്രളയജലം കയറുന്നത് ഒരു പരിധി വരെ തടയാനായിട്ടുണ്ടെന്ന് കാരാപ്പുഴ എക്സി. എഞ്ചിനീയര്‍ അറിയിച്ചു.

അതിശക്തമായ മഴ കൂടി ഉണ്ടായാല്‍ പനമരം പുഴയില്‍ ഉണ്ടാകാനിടയുള്ള പ്രളയഭീതി ഒഴിവാക്കാനാണ് കാരാപ്പുഴ ഡാമിലെ ജലനിരപ്പ് 758.50 എം.എസ്.എല്‍ ആകുമ്പോള്‍ ഷട്ടറുകള്‍ 25 സെന്റി മീറ്റര്‍ ഉയര്‍ത്തി സെക്കന്റില്‍ 32.48 ഘനമീറ്റര്‍ വെള്ളം പുറത്തു വിടാന്‍ ദുരന്ത നിവാരണ അതോറിറ്റി തീരുമാനിച്ചത്. ഇപ്പോള്‍ 15 സെന്റിമീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുള്ളത്. ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തുന്നതോടെ കാരാപ്പുഴയിലെ ജലനിരപ്പ് 1.5 മീറ്റര്‍ മുതല്‍ രണ്ട് മീറ്റര്‍ വരെ ഉയരാനിടയുള്ളതിനാല്‍ പരിസരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു. അപകടകരമായ മേഖലകളില്‍ താമസിക്കുന്നവരെ മാറ്റിതാമസിപ്പിക്കും.

ജില്ലയില്‍ ബാവലി ഒഴികെ എല്ലാ പുഴകളും ഇപ്പോള്‍ രണ്ട് മീറ്റര്‍ കര കവിഞ്ഞൊഴുകുകയാണ്. വൈത്തിരി പുഴയില്‍ വെള്ളം ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. ഇന്നും നാളെയും (ശനി, ഞായര്‍) റെഡ് അലര്‍ട്ടായതിനാല്‍ എല്ലാവരും കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. കര്‍ണാടകയില്‍ നിന്ന് കുട്ട വഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ടെങ്കിലും അത്യാവശ്യ യാത്രക്കാര്‍ മാത്രമേ പാത ഉപയോഗിക്കാവൂ. ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പെടെ പരമാവധി പാലക്കാട് വഴി വരാന്‍ ശ്രദ്ധിക്കണം.അഗ്‌നി രക്ഷാ സേന വെള്ളിയാഴ്ച 103 പേരെ രക്ഷപ്പെടുത്തിയതായി ജില്ലാ ഫയര്‍ ഓഫീസര്‍ യോഗത്തില്‍ അറിയിച്ചു. ജില്ലയില്‍ 3000 വ്യക്തിഗത കണക്ഷനുകള്‍ പുനഃസ്ഥാപിക്കാനുണ്ടെന്നും ഇത് വേഗത്തില്‍ പരിഹരിക്കുമെന്നും കെ.എസ്.ഇ.ബി അറിയിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാ പൊലീസ് മേധാവി ആര്‍. ഇളങ്കോ, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍, ബന്ധപ്പെട്ട മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share On Whats App
Interested news  സമരത്തിന് കെ.യു.ഡബ്‌ള്യു.ജെയുടെ പൂര്‍ണ പിന്തുണ:കമാല്‍ വരദൂര്‍
Share on facebook
Share on google
Share on twitter
Share on linkedin
Share on whatsapp
Share on telegram

LEAVE A REPLY

Please enter your name here
Please enter your comment!

You cannot copy content of this page