കല്‍പ്പറ്റ: ഗവണ്മെന്റ് ഏറ്റെടുത്ത മടക്കിമലയിലെ ഭൂമിയില്‍ പ്രകൃതിദുരന്ത സാധ്യതയുണ്ടെന്ന് ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ മുന്നറിയിപ്പ്. കോട്ടത്തറ വില്ലേജില്‍ 1058 റീ സര്‍വ്വേ നമ്പറിലുള്ള, പുളിയാര്മലക്കും മടക്കിമലയ്ക്കുമിടയിലുള്ളതാണ് 50 ഏക്കര്‍ കാപ്പിത്തോട്ടം. കഴിഞ്ഞ ഓഗസ്റ്റില്‍ വ്യാപകമായുണ്ടായ പ്രകൃതി ക്ഷോഭങ്ങളെ തുടര്‍ന്നാണ് ജില്ലാ ഭരണകൂടത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ അധികൃതര്‍ മടക്കിമലയിലെ സ്ഥലം സന്ദര്‍ശിച്ചത്. ഈ ഭൂമിയില്‍ സ്വാഭാവിക നീര്‍ച്ചാലുകളുണ്ട്. നിര്‍മ്മാണ പ്രവര്‍ത്തികളുടെ പേരില്‍ ഇവയുടെ ഒഴുക്ക് തടസപ്പെട്ടാല്‍ വന്‍തോതിലുള്ള മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും കാരണമാകുമെന്നാണ് ജിയോളജിക്കല്‍ അധികൃതര്‍ സൂചന നല്‍കിയത്. കൂടാതെ പാരിസ്ഥിതിക പ്രാധാന്യമുള്ള ഭൂമി വന്‍തോതില്‍ മണ്ണിളക്കിയുള്ള നിര്‍മാണത്തിന് അനുയോജ്യമാണോയെന്ന് പരിശോധിക്കാന്‍ മണ്ണിന്റെ ഘടന പരിശോധിക്കണമെന്ന ശുപാര്‍ശയും ജിയോളജി അധികൃതര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. 2012 ലെ സംസ്ഥാന ബജറ്റിലാണ് വയനാട്ടില്‍ ഗവ. മെഡിക്കല്‍ കോളജ് പ്രഖ്യാപിച്ചത്. വയനാടിനു പുറമെ, പത്തനംതിട്ട ജില്ലയിലെ കോന്നി, ഇടുക്കി, മഞ്ചേരി, കാസര്‍കോഡ് ജില്ലയിലെ ബദിയടുക്ക എന്നിവിടങ്ങളിലും സംസ്ഥാന സര്‍ക്കാര്‍ പുതിയതായി മെഡിക്കല്‍ കോളജുകള്‍ പ്രഖ്യാപിച്ചിരുന്നു. മുട്ടില്‍ നോര്‍ത്ത് വില്ലേജില്‍ കൊളവയല്‍ സെന്റ് ജോര്‍ജ് എ.യു.പി. സ്കൂളിനു സമീപത്തെ 643, 713 സര്‍വേ നമ്പറുകളില്‍പ്പെടുന്ന 60 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാരിലേക്ക് നിക്ഷിപ്തമായത്.
- Advertisement -
- Advertisement -